വിഷ്ണുസഹസ്രനാമം* – 106

“ആത്മയോനിഃ സ്വയംജാതോ
വൈഖാനഃ സാമഗായനഃ*
ദേവകീനന്ദനഃ സ്രഷ്ടാ
ക്ഷിതീശഃ പാപനാശനഃ*”

തന്നിലായ് താനെയുണ്ടായവന്‍ തന്നെ നീ-
യെന്നു ചൊല്ലുന്നു പോലാത്മയോനേ+ ബുധര്‍
എന്മനസ്സിന്നതൊട്ടിങ്ങറിഞ്ഞീടുവാന്‍
തന്നിടേണം ഭവാന്‍ ജ്ഞാനമീജീവനും

(സ്രഗ്വിണി)

+ തന്നില്‍ പിറന്നവന്‍ എന്ന സങ്കല്പത്തില്‍

സ്വയം ജാത+നാണമ്മയും താതനും നീ
സ്വയം തന്നെയാബ്രഹ്മനും മാനസത്തില്‍
ഭയം തോന്നിയപ്പോള്‍ തുണച്ചോന്‍ സദാ നിര്‍-
ഭയം വാഴുവാനായ് വരം നല്കിടേണം

(ഭുജംഗപ്രയാതം)

+ താനേ പിറന്നവന്‍ എന്ന സങ്കല്പത്തില്‍

ഹിരണ്യാക്ഷന്‍ ഗര്‍വ്വായ് ധരയിതുകവര്‍-
ന്നോരു സമയം
വരുന്നോന്‍ വൈഖാനന്‍+ നിറയുമിരുള-
പ്പാടെ കളയാന്‍
വരാഹാകാരത്തില്‍ ത്തെളിക സദയം
ബ്രഹ്മസുതനും
വരേണം സത്സംഗം വഴിയിവനുസ-
ന്മാര്‍ഗ്ഗമരുളാന്‍

(ശിഖരിണി)

+ വരാഹമൂര്‍ത്തി എന്ന സങ്കല്പത്തില്‍

ഹിരണ്യാക്ഷനെ വരാഹമൂര്‍ത്തിയുടെ അടുത്തെത്തിക്കുന്നത് ബ്രഹ്മസുതനായ നാരദമഹര്‍ഷി

സാമഗായന!+ നിന്റെ കീര്‍ത്തനമാണു പാടുവതെന്നുമേ
സാമവേദവുമിങ്ങു പാടുവതായ ശംഖവുമങ്ങു താന്‍
നാമമായിരമല്ല, നാമജപം കണക്കു നിനച്ചു കൊ-
ണ്ടെന്മനസ്സിലണഞ്ഞ ചിന്ത കൊരുത്തഹാരമിതീശ്വരാ

(മല്ലിക)

+ സാമവേദം ഗാനം ചെയ്യുന്നവന്‍ (അത് ആരെ സ്തുതിക്കുന്നുവോ അവനും) എന്ന സങ്കല്പത്തില്‍

ദേവകീനന്ദനന്‍ വാസുദേവന്‍ സ്വയം
ഭൂവിലേയ്ക്കെത്തി പോല്‍ ചാരെ വന്നെത്തിടും
ജീവനെല്ലാമവന്‍ മോക്ഷമന്നേകിയി-
ങ്ങേവമായാരുതാന്‍ കാണുമീവാഴ്വിലായ്

(സ്രഗ്വിണി)

സ്രഷ്ടാ! നിന്നുടെ സൃഷ്ടിയാണഖിലമീ
മട്ടായി ലോകത്രയം
സ്പഷ്ടം കാണുവതാകണം മനസി മേ,
ലോകത്തിലെല്ലാം സ്വയം
സൃഷ്ടിച്ചും, പുനരിങ്ങു കാത്തുമമരും
നിന്നുള്ളിലായ് മാഞ്ഞു പോം
സൃഷ്ടിച്ചുള്ളവയൊക്കെയെന്നുമിതുമോ –
ത്തിട്ടിന്നു കൂപ്പുന്നു ഞാൻ

(ശാർദ്ദൂലവിക്രീഡിതം)

+ എല്ലാം സൃഷ്ടിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

ക്ഷിതിക്കു നാഥന്‍ ഭഗവാന്‍ സ്വയം താന്‍
സദാ ചലിക്കുന്നതിനായ് കരുത്തും
ക്ഷിതീശ! നീയിങ്ങു ഗുരുത്വമായി-
ട്ടതിന്നു നല്കീടുവതോര്‍ത്തു കൂപ്പാം

(ഉപേന്ദവജ്ര)

+ ഭൂമിയ്ക്ക് നാഥനായുള്ളവന്‍ എന്ന സങ്കല്പത്തില്‍

പാപനാശന! പാപമെന്നതു മാത്രമല്ല, യകറ്റിടും
പാപവാസന പോലു, മിങ്ങപരാധമൊട്ടുപകര്‍ന്നതാം
താപമുള്ളമെരിച്ചു, നിന്നെ വിളിച്ചു കേണുവജാമിളന്‍
ക്ഷിപ്രമങ്ങുമണഞ്ഞു, മോക്ഷവുമേകിയിക്കഥയോര്‍പ്പു ഞാന്‍

(മല്ലിക)

+ പാപമില്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 105

“യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ
യജ്ഞഭുഗ്യജ്ഞസാധനഃ
യജ്ഞാന്തകൃദ് യജ്ഞഗുഹ്യ-
മന്നമന്നാദ ഏവ ച”

യജ്ഞരക്ഷയരുളും ഭഗവാന്‍ താന്‍
യജ്ഞഭൃത്‌+ മമ മനം തിരുനാമം
യജ്ഞമായ് കരുതിയോതിയതും സര്‍
വ്വജ്ഞ! നീ സഫലമാക്കിടുകില്ലേ

(സ്വാഗത)

+ യജ്ഞത്തെ കാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

പുല്ലാങ്കുഴല്‍ ത്തൃണമതിന്നൊരു പാട്ടു മൂളാ-
നില്ലാ കരുത്തു, ഭഗവാന്റെ കൃപാപ്രഭാവാത്
അല്ലാതെ തെല്ലു കഴിയില്ലിഹ യജ്ഞകൃത്താ+-
യല്ലായ്പൊഴും മരുവുമീശ്വര! വന്ദനം തേ

(വസന്തതിലകം)

+ യജ്ഞത്തെ ചെയ്യുന്നവന്‍ എന്ന സങ്കല്പത്തില്‍

യജ്ഞീ+ നാമങ്ങളോരോന്നനുദിനമിവിടെ-
ശ്ലോകമായ് തീര്‍ത്തു ചെയ്യും
യജ്ഞം നിന്‍ പൂജയായിക്കരുതണമവയര്‍-
പ്പിക്കുവാന്‍ വന്നിടുമ്പോള്‍
നെഞ്ചില്‍ ക്കാണായ് വരേണം പിഴകളഖിലവും
തീര്‍ത്തു ഭക്തര്‍ക്കു ചിത്തം
രഞ്ജിപ്പിക്കും പ്രകാരം തെളിയണമതിനായ്
മാര്‍ഗ്ഗമൊന്നേകണേ നീ

(സ്രഗ്ദ്ധര)

+ യജ്ഞങ്ങളുള്ളവന്‍ (ആര്‍ ക്കു വേണ്ടിയാണൊ യജ്ഞങ്ങള്‍ ഉള്ളത് അവന്‍) എന്ന സങ്കല്പത്തില്‍

യജ്ഞഭുക്+ സതതമിങ്ങു കണ്ടിടാം
യജ്ഞഭൂവിലവിടുത്തെയഗ്നിയായ്
യജ്ഞമായ് കരുതി നാമമോതവേ
യജ്ഞഭൂമി മനമങ്ങുമെത്തണേ

(രഥോദ്ധത)

+ യജ്ഞത്തെ അനുഭവിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

യജ്ഞസാധന! നിന്‍ കൃപാബലമൊന്നിനാലെ ലഭിപ്പതാം
യജ്ഞപൂര്‍ത്തി വരുത്തണേ പല നാള്‍കളായിഹ ചെയ്‌വതാം
യജ്ഞമാം തിരുനാമമന്ത്രജപത്തിനും സദയം ഭവാന്‍
നെഞ്ചിലായമരേണമേ ഹൃദി ശാന്തിയായ് തെളിയേണമേ

(മല്ലിക)

+ യജ്ഞത്തില്‍ കൂടി സാധിക്കുന്നത് എന്ന സങ്കല്പത്തില്‍

യജ്ഞാന്തകൃത്‌! പല ദിനങ്ങളിലായ്‌ നടത്തും
യജ്ഞം ഭവാന്റെ തിരുനാമസഹസ്രമെന്നും
നെഞ്ചോടു ചേർത്തുരുവിടുന്നതു പൂർണ്ണമാകാ-
നെൻ ചാരെ വന്നണയണം ഗുരുവായുരപ്പൻ

(വസന്തതിലകം)

+ യജ്ഞം പൂര്‍ത്തീകരിക്കുന്നത്/സഫലമാക്കുന്നത് എന്ന സങ്കല്പത്തില്‍

യജ്ഞഗുഹ്യമവിടുന്നു, കീര്‍ത്തനം
യജ്ഞമാര്‍ഗ്ഗമിതിയോര്‍ത്തു ചെയ്തതാം
യജ്ഞമാണു തിരുനാമകീര്‍ത്തനം
യജ്ഞഗുഹ്യ+നകമേ വിളങ്ങണേ

(രഥോദ്ധത)

+ യജ്ഞത്തില്‍ മറഞ്ഞിരിക്കുന്നത് എന്ന സങ്കല്പത്തില്‍

അന്നം+ നീ തന്നെയല്ലോ, പരമകൃപയതിൻ
ശക്തിയാൽ ത്തന്നെയാണി-
ങ്ങെന്നും ദേഹത്തിനാടാൻ കഴിവതു, മതിനാൽ
വന്ദ്യനങ്ങാകയാലേ
എന്നാലാവുന്ന മട്ടിങ്ങനുദിനമൊരു നാ-
മം കണക്കായ്‌ കൊരുത്തി-
ട്ടൊന്നീഹാരം ചമച്ചേനണിയുക വനമാ-
ലീ ഭവാന്‍ മാറിലെന്നും
(സ്രഗ്ദ്ധര)

+ അന്നമായി കാണപ്പെടുന്നത് എന്ന സങ്കല്പത്തില്‍

അന്നാദ!+ കാണുന്നവയൊക്കെയും നി-
ന്നന്നം ഭവാനെന്നുയിരായി വാഴ്വൂ
എന്നുള്ളിലായ് കാണുവതാസ്വദിച്ചീ-
ടുന്നോനുമെല്ലാം കലരുന്നു നിന്നില്‍

(ഇന്ദ്രവജ്ര)

+ അന്നം ഭുജിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 104

“ഭൂർഭുവഃ സ്വസ്തരുസ്താരഃ
സവിതാ പ്രപിതാമഹഃ
യജ്ഞോ യജ്ഞ്പതിർ‌യജ്വാ
യജ്ഞാംഗോ യജ്ഞവാഹനഃ”

മൂന്നു ലോകങ്ങളും ഭൂർ ഭുവഃസ്വസ്തരോ+
നിന്നിലാണെന്നുമെന്നായറിഞ്ഞീടുവാൻ
തന്നിടേണേയകക്കണ്ണെനിക്കീശ്വരാ
നിന്റെ നാമം സദാ നാവു ചൊല്ലീടണം

(സ്രഗ്വിണി)

+ ഭൂര്‍ ലോകവും ഭുവര്‍ ലോകവും സ്വര്‍ ലോകവും നിറഞ്ഞു നില്ക്കുന്ന തരുസ്വരൂപമായുള്ളത്/വന്‍ എന്ന സങ്കല്പത്തില്‍

പാരിതിന്‍ മറുകരേയ്ക്കണഞ്ഞിടാന്‍
താര!+ മാര്‍ഗ്ഗമരുളേണമേ ഭവാന്‍
സൂര്യനിങ്ങു തെളിയുന്ന പോലെ ഹൃ-
ത്താരിലായ് തെളിയണേ കൃപാനിധേ

(രഥോദ്ധത)

+ മറുകരയില്‍ എത്താന്‍ തുണയ്ക്കുന്നത്/വന്‍ എന്ന സങ്കല്പത്തില്‍

സവിതാ+വരുളും കടാക്ഷമേ
ഭുവിയാര്‍ക്കും വഴികാട്ടിയെന്നു താന്‍
ഇവനോര്‍പ്പു ഭവദ് സ്വരൂപമീ-
ഭുവനം നീയതിനുള്ള രക്ഷകന്‍

(വിയോഗിനി)

+ എല്ലാ ലോകങ്ങളേയും സൃഷ്ടിക്കുന്നവനും ഇല്ലാതാക്കുന്നവനും എന്ന സങ്കല്പത്തില്‍

പ്രപിതാമഹാ!+ ഭുവനമെന്നു ചൊല്വതിന്‍
പിറവിക്കു മുമ്പിവിടെയുള്ള സത്യ, മീ
പരമാര്‍ത്ഥമുള്ളിലറിവായ് തെളിഞ്ഞിടാന്‍
പകരൂ കടാക്ഷബലമെന്റെജീവനായ്

(മഞ്ജുഭാഷിണി)

+ പിതാമഹനും (ബ്രഹ്മാവിനു തന്നെയും) പിതാവായുള്ളവന്‍ എന്ന സങ്കല്പത്തില്‍

പണ്ടു സത്യമറിയുന്നതിന്നു പല ദിക്കിലും വിധി തിരഞ്ഞു പോയ്‌
കണ്ടു നിന്നെയഥ ചൊല്ലിയന്നു ‘തവ രൂപമെന്നു കരുതീടണം
കണ്ടിടും സകലയജ്ഞമെന്നതി’തുമോർത്തു നാമമിതൊരായിരം
കൊണ്ടു ചെയ്‌ത തവ പൂജ, യജ്ഞ!+ പദതാരിലെത്തിടുവതാകണം

(കുസുമമഞ്ജരി)

+ ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവന്‍ (യജ്ഞസ്വരൂപന്‍) എന്ന സങ്കല്പത്തില്‍

യജ്ഞപതി+യായ ഭഗവാന്റെ തിരുനാമം
യജ്ഞസമമായ് കരുതി നിത്യമിഹ ചൊല്വൂ
യജ്ഞമിതു നിന്റെ പദപൂജ, യിവനേകൂ
യജ്ഞഫലമാ, യഭയമീശ്വര! നമിപ്പൂ

(ഇന്ദുവദന)

+ യജ്ഞങ്ങളുടെയും പതിയായുള്ളവന്‍ (പാലകന്‍) എന്ന സങ്കല്പത്തില്‍

യജ്വാ!+ നീയാണു നിത്യം മമ ഹൃദിയുണരും
ചിന്തയേകുന്നവൻ മേ-
യജ്ഞത്തിന്നായ്‌‌ കരുത്തും കഴിവുമരുളുവോ-
നെന്നിലായ്‌ വാണുകൊണ്ടേ
യജ്ഞം ചെയ്യുന്നു, ഗർവ്വം മിഴികളെയനിശം
മൂടുമജ്ഞാനമായ്‌, ഞാൻ
യാചിക്കുന്നൂ പ്രഭോ നീ തെളിയുക സദയം
ശാന്തിയായ്‌ മാനസത്തിൽ

(സ്രഗ്ദ്ധര)

+ വിധിപ്രകാരം യജ്ഞം ചെയ്യുന്നവന്‍ എന്ന സങ്കല്പത്തില്‍

യജ്ഞങ്ങളൊക്കെ ഭവദംഗമറിഞ്ഞിടുന്നേന്‍
യജ്ഞാംഗ! നിത്യമതു താനിഹ ശക്തിയേകും
യത്നിപ്പതിന്നുമിതുകാണ്മതിനായ്‌ പ്രഭോ നീ-
യജ്ഞാനമാം മറയകറ്റിയനുഗ്രഹിക്കൂ

(വസന്തതിലകം)

+ യജ്ഞങ്ങള്‍ അംഗമായിട്ടുള്ളവന്‍ എന്ന സങ്കല്പത്തില്‍

യജ്ഞവാഹന!+ നിന്‍ കൃപാബലമൊന്നിനാല്‍ പരിപൂര്‍ണ്ണമാം
യജ്ഞമെന്നതറിഞ്ഞു താന്‍ ബലി തന്നെയും ബലിയാക്കി പോല്‍
അജ്ഞനാണടിയൻ പറഞ്ഞു തരേണമേ വഴി ലോകമാം
യജ്ഞഭൂമിയിലെന്നുമേ തളരാതെ കാക്കണമീശ്വരാ

(മല്ലിക)

+ യജ്ഞത്തെ വഹിച്ച് അതിന്റെ പരിപൂര്‍ത്തിയില്‍ എത്തിക്കുന്നവന്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 103

“പ്രമാണം പ്രാണനിലയഃ
പ്രാണഭൃത്പ്രാണജീവനഃ
തത്ത്വം തത്ത്വവിദേകാത്മാ
ജന്മമൃത്യുജരാതിഗഃ”

പ്രമാണ!+ നീയാണിഹ വാഴ്‌വിലെന്നും
പ്രമാണമായുള്ളത, തോർത്തു ഭക്ത്യാ
നമിപ്പു ഞാൻ, വാഴുകയെന്മനസ്സിൻ
ഭ്രമം കളഞ്ഞീടുക നിൻ കടാക്ഷാത്‌

(ഉപേന്ദ്രവജ്ര)

+ ലോകത്തിന്‌ ആധാരമായുള്ളത്/ദൃഷ്ടാന്തമായുള്ളത് എന്തോ അത് എന്ന സങ്കല്പത്തില്‍

പ്രാണനിലയാ!+ സ്വയമെനിക്കകമെ പഞ്ച-
പ്രാണനുബലം പകരുവോ, നിവനുനിത്യം
വാണിടുവതിന്നിടവുമെന്നുമവനില്‍ ത്താ-
നാണി, തറിയാനരുളു ഭക്തി മമ ചിത്തേ

(ഇന്ദുവദന)

+ പ്രാണന്‍ എന്തില്‍ എന്തിന്റെ കരുത്തില്‍ നിലകൊള്ളുന്നുവോ അത് (ജീവാത്മാവും പരമാത്മാവും) ആയി നിലകൊള്ളുന്ന ചൈതന്യം (ആ സത്ത് അകന്നാല്‍ ശരീരം ശവമാകുന്നു) എന്ന സങ്കല്പത്തില്‍

പ്രാണനിങ്ങു ബലമേകിടുന്നത-
ങ്ങാണു, കാത്തരുളിടുന്ന ശക്തി നീ
പ്രാണഭൃത്+, മമ മനസ്സിനേകണേ
ത്രാണി ശാന്തിയുമിവന്നു വാഴുവാന്‍

(രഥോദ്ധത)

+ പ്രാണനെ നിയന്ത്രിച്ച് കാത്തരുളുന്നത് ആരോ അവന്‍

പ്രാണജീവന!+ ഭവാനിഹ ജീവന്‍
പ്രാണനും പകരുവോന്‍, തുണയായ് നീ
വേണമെന്നുമതു, മാമക ചിത്തേ
കാണണം, ശരണമേക പദാബ്ജേ

(സ്വാഗത)

+ പ്രാണനും ജീവനായുള്ളവന്‍ (ജീവചൈതന്യമേകുന്നവന്‍) ആരോ അവന്‍

തത്വം+ ഭവാ, നെന്നുമതൊന്നു മാത്രം
സത്യം, ചിദാനന്ദരസസ്വരൂപം
‘തത്‌ ത്വം’ സദാ വേദമിതോതിടുന്നു-
ണ്ടത്രേ, മനസ്സോ മറയായിടുന്നൂ

(ഇന്ദ്രവജ്ര.)

+ പരമാര്‍ത്ഥസ്വരൂപന്‍ .. ലോകത്തിന്റെ അടിസ്ഥാനപരമായ തത്വമായുള്ളവന്‍ എന്ന സങ്കല്പത്തില്‍

തത്വവിത്!+ ഹൃദി വസിച്ചിടുന്ന നീ
സത്യമൊക്കെയറിയുന്നു,വേദവും
‘തത് ത്വ’മെന്നു പറയുന്നതുണ്ടുപോല്‍
വ്യക്തമായതറിയാന്‍ തുണയ്ക്കണേ

(രഥോദ്ധത)

+ തത്വമറിയുന്നവന്‍ എന്ന സങ്കല്പത്തില്‍

ഏകാത്മാ!+ മിഴി കാണ്മതിങ്ങു തിരയായ്
പൊങ്ങുന്നതാ, ണാഴി പോ-
ലേകം സത്യ, മതിങ്ങു കണ്ണു പലതായ്
കാട്ടുന്നുവെന്നാകിലും
ഈ കാണുന്നതിനപ്പുറം തിരയുവോ-
നാത്മസ്വരൂപത്തിലും
ലോകം തന്നെയുമായറിഞ്ഞിടുവതാ-
ണെന്നോതിടുന്നൂ ബുധര്‍

(ശാര്‍ദ്ദൂലവിക്രീഡിതം )

+ തന്നില്‍ നിന്നും വേറിട്ട് ഒന്നും ഇല്ലാത്തവന്‍ എന്ന സങ്കല്പത്തില്‍

ജന്മമൃത്യുജരാദി തെല്ലു തൊടാത്ത സത്യമതല്ലയോ
ജന്മമൃത്യുജരാതിഗാ!+ സ്വയമങ്ങു, നിന്റെ കൃപാബലാത്
അന്നു പാണ്ഡവപൌത്രനും മരണത്തെയങ്ങു കടന്നു പോ-
യെന്നറിഞ്ഞു നമിപ്പു ഞാന്‍ തുണയേകണേ ഭഗവന്‍! സദാ

(മല്ലിക)

+ ജനനം മരണം ജര എന്നിവ തീണ്ടാത്തവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 102

“ആധാരനിലയോ‌ƒധാതാ
പുഷ്പഹാസഃ പ്രജാഗരഃ
ഊര്‍ദ്ധ്വഗഃ സത്പഥാചാരഃ
പ്രാണദഃ പ്രണവഃ പണഃ”

പാരിതിനാധാരനിലയ!+ നീ ഹൃ-
ത്താരിനുമെന്നും ബലമരുളുന്നോന്‍
ആരിതുകാണ്മൂ സ്വതവെ, യെനിക്കീ
നേരിതുകാണാന്‍ മിഴിയരുളീടൂ

ശ്രീ. (മൌക്തികമാല)

+ ഭൂമി മുതല്‍ എല്ലാത്തിനും തന്നെ ആധാരമായുള്ളവന്‍ എന്ന സങ്കല്പത്തില്‍

അധാതാ,+ ജഗത്തിന്നുമാധാരമാകും
വിധാതാവു നിന്നിന്‍ പ്പിറന്നെന്നു കേള്‍പൂ
വിധിക്കും ഭയം നിന്നെയാ, ണങ്ങു ചൊല്ലും
വിധം ലോകമുണ്ടാക്കു, മില്ലാതെയാക്കും

(ഭുജംഗപ്രയാതം)

+ തനിക്ക് താന്‍ തന്നെ ആധാരമായുള്ളവന്‍ എന്ന സങ്കല്പത്തില്‍

പുഷ്പമൊന്നു വിരിഞ്ഞിടും പടിയുള്ള പുഞ്ചിരി കാണ്കെ ഞാന്‍
പുഷ്പഹാസ!+ മറക്കുമെന്‍ ഭയമൊക്കെയും തുണയായ് ഭവാന്‍
എപ്പൊഴും ഹൃദി വാഴ്വതോര്‍ക്കുകിലെന്തു ഭീതി തരുന്നതി-
ങ്ങിപ്രപഞ്ചമെനിക്കു നിന്‍ കൃപ തന്നെയീഭുവനത്രയം

(മല്ലിക)

+ പുഷ്പം വിടര്‍ന്ന് പുഞ്ചിരിക്കുന്നത് പോലെ സുന്ദരമായി പുഞ്ചിരിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

പ്രജാഗരാ!+ ഭവാനുറങ്ങിടാതെ കാത്തിടുന്നു പോല്‍
പ്രപഞ്ചമെന്നുമെന്നറിഞ്ഞവര്‍ക്കു ശാന്തി കൈ വരും
പ്രഭാതവും പ്രദോഷവും സമാനമാണു ഭേദമോ
പ്രഭോ ഭവദ് പ്രഭാവമൊന്നറിഞ്ഞവര്‍ ക്കു മാനസേ

(പഞ്ചചാമരം)

+ എന്നും ഉണര്‍ന്നിരിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

ഊര്‍ദ്ധ്വഗാ!+ വാഴ്വു നീയേറ്റവും മേലെയായ്
നിത്യവും കാണ്മതോ പര്‍ണ്ണമെന്‍ ചുറ്റിലും
വ്യക്തമായ് വാഴ്വിനാധാരമായുള്ളതാം
സത്യമായ് കാണ്മതാകേണമെന്മാനസേ

(സ്രഗ്വിണി)

+ എല്ലാവരെക്കാളും മുകളില്‍ ഉള്ളവന്‍ എന്ന സങ്കല്പത്തില്‍

(ലോകം തല കീഴായ ആലു പോലെയാണെന്നും അറിയപ്പെടുന്നവയെല്ലാം അതിന്റെ ഇലകള്‍ ആണ്; അതിന്റെ മൂലം ഭഗവാന്‍ തന്നെയും )

സത്തുക്കള്‍ക്കൊപ്പമാണങ്ങനുദിനമവരെ
പ്പിന്തുടര്‍ന്നീടുമൊന്നീ
സത്യം കാട്ടിത്തരാനോ വ്രജഭുവിയവിടു-
ന്നെത്തി ഗോപാലനായി
ഭക്തര്‍ക്കായേകിടും നിന്‍ കരുണയിതുവിധം
സത്‌പഥാചാര!+ കാണാന്‍
ഹൃത്താരില്‍ ഭക്തിയേകൂ സദയമടിയനെ
ച്ചേര്‍ക്കണേ ത്വത് പദാബ്ജേ

(സ്രഗ്ദ്ധര)

+ സജ്ജനങ്ങളുടെ മാര്‍ഗ്ഗത്തെ പിന്തുടരുന്നവന്‍ എന്ന സങ്കല്പത്തില്‍

പ്രാണദാ സകലജീവനുമെന്നും
പ്രാണവായു പകരുന്നവ, നേവം
ഈണമാമുരളികയ്ക്കടിയന്നാ
പ്രാണനും പകരുവോൻ ഭഗവൻ നീ

(സ്വാഗത)

+ പ്രാണനെ കൊടുക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

പ്രണവമന്ത്ര, മതിൻ പൊരുളും ഭവാൻ
പ്രണവ! നിൻ കൃപയാലൊരുവേണുവാം
തൃണവു, മെന്നറിയാൻ ഹൃദി ഭക്തിയേ-
കണമെനിക്കു, തുണയ്ക്കുക സന്തതം

(ദ്രുതവിളംബിതം)

+ ഓങ്കാരസ്വരൂപമായുള്ളവന്‍ എന്ന സങ്കല്പത്തില്‍

പണ! ജന്മമതേപടി മൃത്യുവുമേ-
കണതാം പൊരുളൊ, ന്നതു താന്‍ മലരില്‍
മണമായ്‌ തെളിയുന്നതു, മങ്ങതു തേൻ
കണമായ് നിറയുന്നതുമെന്നറിവൂ

(തോടകം)

+ സൃഷ്ടിസ്ഥിതിസംഹാരാദി ആയുള്ള വ്യവഹാരങ്ങള്‍ ചെയ്യുന്നവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 101

“അനാദിർ ഭൂർഭുവോലക്ഷ്മീഃ
സുവീരോ രുചിരാംഗദഃ*
*ജനനോ ജനജന്മാദിർ
ഭീമോ ഭീമപരാക്രമഃ”

അനാദിയാം+ നിന്നുടെ രൂപമുണ്ടോ
മനസ്സിലാവുന്നതു, കാലമായും
നിനച്ചിടും, ലോകമിതെന്നുമോര്‍ക്കും
മനസ്സിലാവാതെ മിഴിച്ചിരിക്കും

(ഉപേന്ദ്രവജ്ര)

+ ആദിയില്ലാത്തവന്‍ (കാരണം ഒന്നും വേണ്ടാത്തവന്‍) എന്ന സങ്കല്പത്തില്‍

ഭൂര്‍ഭുവാ+, ഭൂമിയും കാണ്മതായൊക്കെയും
നില്‍പ്പതെന്നാളുമേ നിന്നിലെന്നോര്‍ക്കുവാന്‍
തൃപ്പദാബ്ജം തെളിഞ്ഞീടണം മാനസേ-
യെപ്പൊഴും നാവു നിന്‍ നാമമോതീടണം

(സ്രഗ്വിണി)

+ ഭൂമിക്ക് താങ്ങായുള്ളവന്‍ എന്ന സങ്കല്പത്തില്‍

ലക്ഷ്മി+യായരികിലെത്തിയേകണേ
രക്ഷയെന്നുമടിയന്നു ദൈവമേ
മോക്ഷമാര്‍ഗ്ഗമരുളീടു ചൊല്വതാം
വാക്കു നിന്റെ തിരുനാമമാകണേ

(രഥോദ്ധത)

സുവീര! നിന്‍ വീര്യമറിഞ്ഞിടുന്നതി-
ന്നിവന്നു താനേ കഴിയില്ല നിര്‍ണ്ണയം
സവിസ്തരം കാണ്മതിനായ് കനിഞ്ഞു നീ-
യിവന്റെ കണ്ണീര്‍ മറ തെല്ലു മാറ്റണം

(വംശസ്ഥം)

+ നല്ല വീരനായുള്ളവന്‍ എന്ന സങ്കല്പത്തില്‍

രുചിരാംഗദമെന്നുമണിഞ്ഞിടുമെന്‍
രുചിരാംഗദ! നാമജപത്തിനു മേ
രുചി തോന്നണമേ, ഭഗവദ് കൃപയാല്‍
രുജയൊക്കെയകറ്റണമേ ഭഗവന്‍

(തോടകം)

+ ഭംഗിയുള്ള അംഗദം (തോള്‍ വള) അറിയുന്നവന്‍ എന്ന സങ്കല്പത്തില്‍

ജനനമേകിടുവോനവിടുന്നു താന്‍
ജനന! നിന്‍ കൃപതാനുലകായതും
മനമിതോര്‍ക്കുവതിന്നരുളേണമേ
മനസി ഭക്തി സദാ ജഗദീശ്വരാ

(ദ്രുതവിളംബിതം)

+ ലോകത്തില്‍ എല്ലാത്തിനും ജനനത്തിനു കാരണമായവന്‍ എന്ന സങ്കല്പത്തില്‍

ജനനത്തിനു മൂലകാരണം
ജനജന്മാദി! കിനാക്കളായ് സദാ
മനതാരിലണഞ്ഞിടുന്നു നിന്‍
കനിവെന്നായറിയുന്നു ഞാന്‍ വിഭോ

(വിയോഗിനി)

+ ജനങ്ങളുടെ ജന്മത്തിനു കാരണമായവന്‍ എന്ന സങ്കല്പത്തില്‍

ഭീമമായ തവ രൂപമേറ്റവും
ഭീതിയേറ്റുമളവിങ്ങു കാണ്മു ഞാന്‍
ഭീമ! നിന്റെ കൃപ തന്നെയാശ്രയം
ഭൂവിലാര്‍ക്കുമിനി ശാന്തമാകണേ

(രഥോദ്ധത)

+ ഭയങ്കരരൂപമുള്ളവന്‍ എന്ന സങ്കല്പത്തില്‍

ജീവന്നു രക്ഷയിഹ ഭീമപരാക്രമാ! നീ
തൂവുന്നതായ കരുണാമൃതമൊന്നു മാത്രം
ഈ വന്ന ദുഃഖമകലാന്‍ തുണയായ് മനസ്സില്‍
മേവീടണേ സദയ, മീശ്വര! വന്ദനം തേ

(വസന്തതിലകം)

+ ഭയങ്കരപരാക്രമമുള്ളവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 100

“അനന്തരൂപോഽനന്തശ്രീർ
ജിതമന്യുർ ഭയാപഹഃ*
ചതുരശ്രോ ഗഭീരാത്മാ
വിദിശോ വ്യാദിശോ ദിശഃ*”

അനന്തരൂപനങ്ങു+ മുന്നിലായ് തെളിഞ്ഞിടുന്നതാ-
മനന്തമായ ലോകമാ, യതിങ്ങു കാണ്മതായിടും
മനസ്സുമാ, യവയ്ക്കു ശക്തിയേകിടുന്ന തത്വമായ്
മനസ്സിലാക്കിടുന്നതായുമോര്‍ത്തു കുമ്പിടുന്നു ഞാന്‍

(പഞ്ചചാമരം)

+ അനന്തമായ ലോകമായി ആദിശേഷനായി കാണപ്പെടുന്നത് എന്ന സങ്കല്പത്തില്‍

അനന്തശ്രീ!+ വാഴ്‌വിൻ സകലസുഖവും ഭക്തനു വരാൻ
കനിഞ്ഞീടും ശ്രീ നിൻ ചരണയുഗളേ വാഴ്‌വു സതതം
നിനയ്ക്കുന്നോർക്കെല്ലാമരുളിടുവതാം ഭാഗ്യമിവനും
കനിഞ്ഞേകീടേണേ, ശരണമരുളൂ നിന്റെ ചരണേ

(ശിഖരിണി)

+ അനന്തമായ യശസ്സ് തരുന്നവന്‍ എന്ന സങ്കല്പത്തില്‍

ജിതമന്യു!+ മനസ്സിനുള്ളിലായ്‌
പതിവായിട്ടരിശം വരുന്നതും
സദയം കളയുന്നു ശാന്തമായ്‌
ഹൃദി വാഴും പൊരുളങ്ങു താൻ സ്വയം

(വിയോഗിനി)

+ കോപത്തെ ജയിച്ചവന്‍ എന്ന സങ്കല്പത്തില്‍

ഭയാപഹാ!+ ജീവനു വാഴ്‌വു നൽകാം
ഭയം, തെളിഞ്ഞീടണമെന്മനസ്സിൽ
സ്വയം, ഭവാൻ കൂരിരുളൊട്ടു മാറ്റും
സ്വയം പ്രകാശപ്പൊരുളല്ലയോ നീ

(ഉപേന്ദ്രവജ്ര)

+ ഭയത്തെ ഇല്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

ധര്‍മ്മാര്‍ത്ഥകാമമഥ മോക്ഷവുമെന്ന നാലും
ചെമ്മേ തരുന്ന ചതുരശ്ര!+ ഭവാന്‍ വസിക്കൂ
എന്മാനസത്തിലനിശം, വഴി കാട്ടിയായ് സത്-
കര്‍മ്മം തുടര്‍ന്നിടുവതിന്നു തുണയ്ക്ക നിത്യം

(വസന്തതിലകം)

+ നാലു ദിശയിലും ഒരു പോലെ ശ്രദ്ധിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

ഗഭീരാത്മ!+ ചിത്തേ വസിക്കുന്നു, വാഴ്‌വായ്‌
ഗഭീരസ്വരൂപത്തിലായ്‌ കാണ്മു മുന്നിൽ
പ്രഭോ പക്ഷെ നിന്നേയറിഞ്ഞീടുവാൻ നിൻ
പ്രഭാവം ഗ്രഹിക്കാനുമാവുന്നതില്ലാ

(ഭുജംഗപ്രയാതം)

+ ഗംഭീരമായ ആത്മാവായുള്ളവന്‍ എന്ന സങ്കല്പത്തില്‍

വിദിശ! ശാന്തി പകർന്നു വസിപ്പു നീ
ഹൃദി സദാ, ഭുവി വേണ്ടതറിഞ്ഞുടൻ
സദയമേകിടുവോൻ മനതാരിലായ്‌
കദനമൊട്ടുകളഞ്ഞമരുന്നവൻ

(ദ്രുതവിളംബിതം)

+ യോഗ്യത അനുസരിച്ച് ഫലം കൊടുക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

വ്യാദിശാ! മരുവിടുന്നു ജീവനി-
ങ്ങാദി തൊട്ടു ഭവദിച്ഛ പോല്‍ സദാ
സാധ്യമല്ലയിളകാന്‍ വിരിഞ്ചനും
ശക്തി നീയരുളിടാതെ നിര്‍ണ്ണയം

(രഥോദ്ധത)

+ എല്ലാവര്‍ക്കും വേണ്ടതായ ചുമതല കൊടുത്ത് നടത്തിക്കൊണ്ടുപോകുന്നവന്‍ എന്ന സങ്കല്പത്തില്‍

നിശയാട്ടെയഹസ്സുമാട്ടെ, കൈ-
വശമില്ലാ കഴിവേറെ, നല്ലതാം
ദിശയായ്‌‌ സ്വയമങ്ങു താനഹർ-
നിശമേകൂ വഴിയെന്റെയീശ്വരാ

(വിയോഗിനി)

+ കര്‍മ്മത്തിന്‌ തക്കതായ ഫലം കൊടുത്ത് നല്ല ദിശയില്‍ നയിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 99

“ഉത്താരണോ ദുഷ്കൃതിഹാ
പുണ്യോ ദുസ്വപ്നനാശനഃ
വീരഹാ രക്ഷണഃ സന്തോ
ജീവനഃ പര്യവസ്ഥിതഃ”

ചിത്താംബുജം പാടെയുലഞ്ഞിടുന്നു-
ണ്ടെത്തീടണേ ശക്തി പകര്‍ന്നിടാനായ്
ഉത്താരണാ!+ നിന്‍ കൃപ മാത്രമല്ലേ
ഭക്തന്റെ രക്ഷയ്ക്കു ജഗത്തിലെന്നും

(ഇന്ദ്രവജ്ര)

+ (ഭക്തന്മാരെ) കരകയറ്റുന്നവന്‍ എന്ന സങ്കല്പത്തില്‍

ദുഷ്കൃതിഹരൻ+ മനസി വാണിടുവതായാൽ
ദുഷ്കരമെനിക്കഘ, മകന്നിടുവതാകും
ദുഷ്ടത, ചൊരിഞ്ഞിടുക നിന്റെ കൃപ, ചിത്തേ
ദുഷ്കൃതിഹനങ്ങമരണേ, തൊഴുതിടുന്നേന്‍

(ഇന്ദുവദന)

+ പാപത്തെ തന്നെ ഇല്ലാതെ ആക്കി (ഭഗവാനുള്ളയിടത്ത് എന്ത് പാപം) പാപികളെ ഇല്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

പുണ്യനങ്ങു+, തവ ഭക്തനിങ്ങു നൈ-
പുണ്യമേകുമവിടുന്നു, ദർശനം
പുണ്യ, മെന്നുമതു കാണ്മതെന്നു ഞാൻ
കൺകളാൽ, സദയമൊന്നു ചൊല്ലുമോ

(രഥോദ്ധത)

+ പുണ്യം തന്നെയായുള്ളവന്‍ എന്ന സങ്കല്പത്തില്‍

ദുഃസ്വപ്നമെന്ന പടി വാഴ്‌വു ഭയം തരുമ്പോൾ
ദുഃസ്വപ്നനാശനനെനിക്കഭയം തരേണം
ഇപ്പാരിലെന്നുമിവനാശ്രയമങ്ങു താൻ നീ
മുപ്പാരിനീശനകമേ തെളിയും പ്രകാശം

(വസന്തതിലകം)

+ ദുഃസ്വപ്നം ഇല്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

വീരഹന്താവു+ നീ തന്നെയെന്‍ ശത്രുവിന്‍
വീര്യമെല്ലാമകറ്റുന്നവന്‍ മാനസേ
ധൈര്യമേകീടണേ ഭീതിയേകുന്നതായ്
പാരിതെന്നും തെളിഞ്ഞീടവേ ദൈവമേ

(സ്രഗ്വിണി)

+ വീരന്മാരെ ഇല്ലാതാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

രക്ഷണാ! കരുണയോടെ വാഴ്വിനായ്
രക്ഷയേകിടുവതങ്ങു ജീവനും
രക്ഷകന്‍ ചരണപങ്കജത്തിലാ-
യിക്ഷണം തൊഴുതു കുമ്പിടുന്നിതാ

(രഥോദ്ധത)

+ ലോകത്തെ കാക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

സന്താ! സന്തതമങ്ങു തന്നെ തുണയായ്‌
നിൽക്കുന്നു, സത്സംഗമി-
ങ്ങെന്നാളും പകരുന്നു, സാന്ത്വനമെനി-
ക്കേകുന്നുവെക്കാലവും
എന്നാലും ഭയമേറിയാടുമിലപോ-
ലെന്മാനസം, ശാന്തമായ്‌
നിന്നീടാൻ ബലമേകിടേണ, മഭയം
നിൻ പാദപദ്‌മങ്ങളിൽ

(ശാർദ്ദൂലവിക്രീഡിതം)

+ സത്തുക്കളായി കാണപ്പെടുന്നവന്‍ എന്ന സങ്കല്പത്തില്‍

ജീവനായി മരുവുന്ന ഭവാന്‍ താന്‍
ജീവനാഥ, നതു താനുലകത്തില്‍
പാവമാമിവനു ശക്തി, നമിപ്പൂ
ജീവനാ+, ശരണമേകണമെന്നും

(സ്വാഗത)

+ എന്നിലെ ജീവനായി കാണപ്പെടുന്നവന്‍ എന്ന സങ്കല്പത്തില്‍

നിറഞ്ഞിടുന്നു വാഴ്വിലൊക്കെ, യെന്മിഴിക്കു കണ്ടു കൊ-
ണ്ടറിഞ്ഞിടാന്‍ കഴിഞ്ഞിടാത്തതാണു പര്യവസ്ഥിതന്‍ +
മറഞ്ഞു നില്പതുണ്ടു ഗൂഢമാ, യതോതിടാവതോ
മറയ്ക്കു പോലു, മുണ്മയാരറിഞ്ഞിടുന്നതുണ്ടഹോ

(പഞ്ചചാമരം)

+ എല്ലായിടത്തും വ്യാപിച്ചു സ്ഥിതി ചെയ്യുന്നവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 98

“അക്രുരഃ പേശലോ ദക്ഷോ
ദക്ഷിണഃ ക്ഷമിണാംവരഃ*
വിദ്വത്തമോ വീതഭയഃ
പുണ്യശ്രവണകീർത്തനഃ”

അക്രൂരനാണു+ ഭഗവാനകതാരിലെന്നും
നില്ക്കുന്നതായ പൊരുളാണിവനാശ്രയം നിന്‍
തൃക്കണ്‍കടാക്ഷബലമാണു നമിച്ചിടുന്നേന്‍
തൃക്കാല്‍ക്കലെന്റെ തുണയും ഭഗവന്‍ സ്വയം നീ’

(വസന്തതിലകം)

+ ഒട്ടും തന്നെ ക്രൂരനല്ലാത്തവന്‍ എന്ന സങ്കല്പത്തില്‍

പേശലാ!+ മുന്നിലിമ്മട്ടിലായ് കാണ്മതാം
ദൃശ്യവും നീ സ്വയം തന്നെയാണേറ്റവും
വശ്യമാണീശ്വരാ നിന്‍ സ്വരൂപം സദാ
വിശ്വമായ് നിത്യവും കണ്ടു കൂപ്പുന്നു ഞാന്‍

(സ്രഗ്വിണി)

+ (ശരീരവും വാക്കും പ്രവൃത്തിയും) സുന്ദരമായിട്ടുള്ളവന്‍ എന്ന സങ്കല്പത്തില്‍

ദക്ഷന്‍+ നീ, തവ ഭക്തനെന്നുമഭയം
നല്കുന്നവന്‍, ജീവനേ
രക്ഷിക്കുന്നു വിപത്തിലേറെവലയും
നേരത്തു, വന്നെത്തിടും
മോക്ഷം നല്കിയനുഗ്രഹിക്കുവതിനാ-
യന്നാഗജത്തേ ഭവാന്‍
രക്ഷിച്ചോരു കഥാമൃതം മമ മന-
സ്സോര്‍ക്കുന്നു കൂപ്പുന്നു ഞാന്‍

(ശാര്‍ദ്ദൂലവിക്രീഡിതം)

+ ഏറ്റവും സമര്‍ത്ഥനായുള്ളവന്‍ എന്ന സങ്കല്പത്തില്‍

ദക്ഷിണ! ഭവാനരുളിടുന്ന കൃപയല്ലോ
രക്ഷയരുളുന്നതു, നിനക്കു തരുവാനായ്
ദക്ഷിണ മനസ്സു, തവ ഭക്തനരുളീടും
മോക്ഷമിവനും വരുവതിന്നു കനിയൂ നീ

(ഇന്ദുവദന)

+ ദക്ഷിണയായ് നല്കപ്പെടുന്നത് എന്ന സങ്കല്പത്തില്‍ (ഭഗവാന്‍ സ്വര്‍വ്വവ്യാപിയാണ്; എല്ലാം തന്നെയാണ്; അതല്ലാതെ ഒന്നും തന്നെ കൊടുക്കുവാനും ഇല്ല)

ക്ഷമിണാം വര!+ നിന്നിലമർന്നിടുമീ
ക്ഷമ നിൻ സമമല്ലിഹ കാട്ടുവതാം
ക്ഷമയോർക്കുകി, ലൊന്നിളകാമതുമ-
ക്ഷമമീശ്വര! നിന്നെ നമിപ്പു സദാ

(തോടകം)

+ ക്ഷമിക്കുന്നവരില്‍ വച്ച് ഏറ്റവും ക്ഷമയുള്ളവന്‍ എന്ന സങ്കല്പത്തില്‍

വിദ്വത്തമാ! പരമപാവനവിദ്യ തേടും
വിദ്യാര്‍ത്ഥി ഞാന്‍, സദയമെന്നകതാരിലെന്നും
വിദ്യാസ്വരൂപിയവിടുന്നു വസിക്കണേ, നൈ-
വേദ്യം കണക്കിലിതുമൊന്നു ഭവാനെടുക്കൂ

(വസന്തതിലകം)

+ വിദ്വാന്മാരില്‍ ഏറ്റവും ഉത്തമന്‍ എന്ന സങ്കല്പത്തില്‍

വീതഭയ!+ നിന്റെ കൃപയാലെയകതാരിൻ
ഭീതിയകലട്ടെ, മധുരം മധു കണക്കേ
നീ തരിക ഭക്തി, യതിനായ്‌ വരുവതാട്ടെ
ഭക്തമധുപങ്ങ, ളവയൊക്കെ നുകരട്ടേ

(ഇന്ദുവദന)

+ ഭയമില്ലാത്തവന്‍ എന്ന സങ്കല്പത്തില്‍

ഇവനു സാന്ത്വനമരുളുക പുണ്യ-
ശ്രവണകീര്‍ത്തന! തവ തിരുനാമം
ശ്രവണമാത്ര പകരുമൊരു സൌഖ്യം
ശിവദമായ് മമ മനമറിയുന്നൂ

(ദ്രുതപദം)

+ ആരേ കുറിച്ച് കേള്‍ക്കുന്നതും പറയുന്നതും പുണ്യമാണോ അവന്‍ എന്ന സങ്കല്പത്തില്‍

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ

വിഷ്ണുസഹസ്രനാമം* – 97

“അരൗദ്ര കുണ്ഡലീ ചക്രീ
വിക്രമ്യൂർജ്ജിതശാസനഃ
ശബ്ദാതിഗഃ ശബ്ദസഹഃ
ശിശിരഃ ശർവ്വരീകരഃ”

അരൗദ്ര!+ രൗദ്രഭാവമോടെ വന്നിടും രിപുക്കളെ
ചിരിച്ചു കൊണ്ടു നേരിടുന്ന വിസ്മയപ്രഭാവമേ
സ്മരിച്ചിടുന്ന ജീവനെന്നുമാശ്രയം തരുന്നതീ-
ശ്വരാ! ഭവാൻ, സദാ നമിച്ചിടുന്നു നിന്നെയെപ്പൊഴും

(പഞ്ചചാമരം)

+ രാഗദ്വേഷാദികളില്ലാതെ സൌമ്യഭാവത്തോടെയിരിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

കുണ്ഡലീ,+ മകരകുണ്ഡലം ഭവാൻ
രണ്ടു കാതിലുമണിഞ്ഞു നിൽപതായ്‌
കണ്ടിടേണമകതാരിലേറുമെ-
ന്നിണ്ടലൊക്കെയകലാൻ തുണയ്ക്കണം

(രഥോദ്ധത)

+ (മകര)കുണ്ഡലങ്ങള്‍ അണിയുന്നവന്‍ എന്ന സങ്കല്പത്തില്‍

ചക്രീ!+ ഭവദ്‌ കരുണയാമൊളി തൂകിടും നിൻ
ചക്രം സുദർശന, മതേ തുണയിങ്ങു കാലം
നക്രം കണക്കണയവേ, ഭഗവൻ! നമിപ്പൂ
തൃക്കാൽക്കലെന്നു, മരുളൂ ശരണം പദാബ്ജേ

(വസന്തതിലകം)

+ (സുദര്‍ശന)ചക്രം ധരിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

വിക്രമീ! ഭുവനമന്നളന്ന നിൻ
വിക്രമം കരുണ തന്നെയന്യഥാ‌
മുക്തിമാർഗ്ഗമരുളുന്ന നിന്റെയാ
തൃക്കഴൽ ത്തൊടുവതോ ശിരസ്സിലായ്‌

(രഥോദ്ധത)

+ പരാക്രമശാലിയായി കാണപ്പെടുന്നവന്‍ എന്ന സങ്കല്പത്തില്‍

ഉലകിതൂർജ്ജിതശാസന!+ നിൻ കൃപാ-
ബലമൊടിങ്ങു ചലിക്കുവതല്ലയോ
ഇല വരുന്നൊരുതെന്നലിലെന്നപോ-
ലിളകിടും തവ ശാസന കേൾക്കവേ

(ദ്രുതവിളംബിതം)

+ (ലോകത്തെ) ശക്തമായ ശാസനയില്‍ (ഭരണത്താല്‍) കൊണ്ടു നടക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

ശബ്ദത്തിനെന്തു പറയാൻ കഴിയുന്നതെന്നും
ശബ്ദാതിഗാ, ബലമതിന്നു കൊടുപ്പവൻ നീ
ശബ്ദാർത്ഥമായറിവതാദ്യദിനത്തിലാദ്യം
ശബ്ദം പിറന്നു തവ കൃപാബലമൊന്നിനാൽ താൻ

(വസന്തതിലകം)

+ ശബ്ധങ്ങള്‍ക്കു മേലെയുള്ളവന്‍, ശബ്ധങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാകാത്തവന്‍ എന്ന സങ്കല്പത്തില്‍

ശബ്ദസഹ! വാഴ്വിലുളവായൊരുദിനത്തില്‍
ശബ്ദ, മതു നിന്റെ മൊഴി വേദമതു തന്നെ
ശബ്ദമയമാമുലകിലെന്നകമെയും ഞാ-
നര്‍ത്ഥമതിനുള്ളതു തിരഞ്ഞു കഴിയുന്നൂ

(ഇന്ദുവദന)

+ (വേദ)ശബ്ദങ്ങളുടെ പൊരുളായുള്ളവന്‍ എന്ന സങ്കല്പത്തില്‍

ശിശിരക്കുളിരായണയുന്നതു നീ
ശിശിരാ, തവ ഭക്തമനസ്സുകളിൽ
നിശി വന്നു നിലാവൊളി തൂകുവതാം
ശശിയായതുമങ്ങരുളും കൃപ താൻ

(തോടകം)

+ ഭക്തമനസ്സുകള്‍ക്ക് ശിശിരമെന്നോണം കുളിരേകുന്നവന്‍ എന്ന സങ്കല്പത്തില്‍

ശര്‍വ്വരീകര! രാത്രി നിന്‍ കൃപ, ഗാഢനിദ്രയിലാഴവേ
ദിവ്യമാമൊരു ശാന്തിയായ് തവ ദര്‍ശനം പകരുന്നു നീ
സര്‍വ്വദാ തിരയുന്നു പിന്നെ ജഗത്തിലായ് മമ മാനസം
ഗര്‍വ്വമാം മറ മാറ്റിയൊന്നു തെളിഞ്ഞിടൂ സദയം പ്രഭോ

(മല്ലിക)

+ രാത്രിയെ സൃഷ്ടിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍ (ഗാഢനിദ്രയാകുന്ന ഇരുട്ടില്‍ അനുഭവപ്പെടുന്ന ശാന്തിരൂപത്തില്‍ ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ഒരു പോലെ അനുഭവവേദ്യന്‍)

* ധ്യാനിക്കുമ്പോള്‍ മനസ്സില്‍ വരുന്ന സങ്കല്പങ്ങള്‍ ആണ്‌ കുറിക്കുന്നത്. ആധികാരികമായ അറിവിന്റെ പിന്ബലത്തോടെ അല്ല. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനപേക്ഷ